ആര്‍ത്തവാരോഗ്യവും വൃത്തിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഉജാസ് മെന്‍സ്ട്രുവല്‍ ഹെല്‍ത്ത് എക്സ്പ്രസ് കോഴിക്കോട്ട്

കോഴിക്കോട്: ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആദിത്യ ബിര്‍ള ഫൗണ്ടേഷന്‍റെ സംരംഭമായ ഉജാസ് കോഴിക്കോട്ട് ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തി. സിസ്റ്റം ടു ഓര്‍ഗനൈസ് ഹ്യൂമന്‍ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഉജാസ് കേരളത്തിലെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ആര്‍ത്തവാരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പശാലകളും സാനിറ്ററി പാഡ് വിതരണവും നടത്തി.

അവബോധം വളര്‍ത്തുക, തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, ആര്‍ത്തവാരോഗ്യത്തെ കുറിച്ചു ക്രിയാത്മക ആശയ വിനിമയങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നിവയാണ് ബോധവത്ക്കരണ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട രീതികളുടേയും വിശ്വാസങ്ങളുടേയും നിര്‍ണായക വിവരങ്ങളും ശേഖരിക്കും. പ്രശ്ന പരിഹാരങ്ങള്‍ക്കായും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിനായും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തും.

ഉജാസ് മെന്‍സ്ട്രല്‍ ഹെല്‍ത്ത് എക്സ്പ്രസ് എന്നത് ഇത്തരത്തിലെ രാജ്യത്തെ ആദ്യ സംരംഭമാണ്. 25 സംസ്ഥാനങ്ങളിലായി 20,000-ത്തിലേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് 107 പട്ടണങ്ങളിലാണ് ഇതിന്‍റെ ഭാഗമായി ബോധവല്‍ക്കരണത്തിനായി എത്തുക. പ്രാദേശിക എന്‍ജിഒകളുമായി സഹകരിച്ച് രാജ്യവ്യാപകമായി രണ്ടര ലക്ഷത്തിലധികം പാഡുകള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു.

ഉജാസ് മെന്‍സ്ട്രല്‍ എക്സ്പ്രസ് എന്നത് വെറുമൊരു വാന്‍ അല്ലെന്നും മാറ്റത്തിന്‍റെ പ്രതീകമാണെന്നും ആര്‍ത്തവാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റുന്നതാണെന്നും ഉജാസ് സ്ഥാപക അദ്വൈതേഷ ബിര്‍ള പറഞ്ഞു. കേരളത്തില്‍ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ നേതൃത്വം നല്‍കിയ ശില്‍പശാലകള്‍ വഴി സ്ക്കൂളുകളിലും സമൂഹത്തിലും ബോധവല്‍ക്കരണം നടത്തി. ഈ നീക്കത്തിലൂടെ മാറ്റത്തിന്‍റെ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും ആര്‍ത്തവാരോഗ്യം അടിസ്ഥാന അവകാശമാണെന്നു സമൂഹം മനസിലാക്കണമെന്നും അദ്വൈതേഷ ബിര്‍ള പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *