കാര്‍ഷിക വികസന ബാങ്ക് ലോണ്‍ ഓണ്‍ലൈനായി അടക്കാം: സോഫ്റ്റുവെയര്‍ അവതരിപ്പിച്ച് ഇന്‍ഫോപാര്‍ക്ക് കമ്പനി

കൊച്ചി; സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളിലെ ലോണുകള്‍ ഓണ്‍ലൈനായി അടക്കാന്‍ സോഫ്റ്റുവെയറുമായി ആലപ്പുഴ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റുവെയര്‍ കമ്പനി നൈസ് സിസ്റ്റംസ്. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹന്‍ സോഫ്റ്റുവെയര്‍ ലോഞ്ച് നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് ആകെ 77 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളാണ് ഉള്ളത്. ഇതില്‍ 37 ബാങ്കുകളില്‍ ഇന്‍ഫോപാര്‍ക്കിലുള്ള നൈസ് സിസ്റ്റംസിന്റെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഈ ബാങ്കുകളില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രാബല്യമാകുന്നതോടുകൂടി വായ്പെടുത്തിട്ടുള്ളവര്‍ക്ക് ഇനി മുതല്‍ ബാങ്കിലെത്താതെ ലോണ്‍ അടക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് റിയല്‍ ടൈ ഓട്ടോമാറ്റിക്ക് ക്രഡിറ്റ് സൗകര്യത്തോടെ ഈ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നൈസ് സിസ്റ്റം സി.ഇ.ഒ ബിനീഷ് ആണ്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല, ഹൃസ്വകാല അടിസ്ഥാനത്തില്‍ വിവിധ വായ്പകള്‍ നല്‍കുന്ന കാര്‍ഷിവികസന ബാങ്കുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും കോടിക്കണക്കിന് രൂപയാണ് വായ്പയായി നല്‍കി വരുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് ലക്ഷക്കണക്കിന് കര്‍ഷകരെ പ്രാപ്തമാക്കാനും അവരുടെ ഇടപാടുകള്‍ സുതാര്യമാക്കാനും പരിശോധിക്കാനും ഈ സൗകര്യം വഴി കഴിയും.

ഇന്‍ഫോപാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ലോഞ്ചിങ്ങ് ചടങ്ങിന് ഇന്‍ഫോപാര്‍ക്ക് ഡി.ജി.എം ശ്രീജിത്ത് ചന്ദ്രന്‍ .എസ് അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സാജന്‍ കെ.പി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ബാങ്ക് ഡയറക്ടര്‍മാര്‍ അഡ്വ. ഫില്‍സണ്‍ മാത്യുസ്, ടി.എ നവാസ്, ആലത്തൂര്‍ ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരന്‍, കൊച്ചി ബാങ്ക് പ്രസിഡന്റ് കെ.എന്‍ സുനില്‍കുമാര്‍, നൈസ് സിസ്റ്റം മാനേജിംഗ് ഡയറക്ടര്‍ ബിനീഷ് ചന്ദ്, ചാലക്കുടി ബാങ്ക് പ്രസിഡന്റ് ടി.കെ ആദിത്യവര്‍മ്മ രാജ്, ഒറ്റപ്പാലം ബാങ്ക് പ്രസിഡന്റ് സുധാകരന്‍, ആലപ്പുഴ ബാങ്ക് പ്രസിഡന്റ് വാഹിദ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *