കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്


സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥയുടെ ലംഘനം പദ്ധതിയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. കെ ഫോണിനായി എത്തിച്ച കേബിളുകളുടെ കാര്യത്തിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിലുണ്ട്.കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചത്.


കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്ഐടിഎൽ നൽകിയത് അനർഹമായ സഹായമാണെന്നും എജി കണ്ടെത്തിയിരിക്കുന്നു.ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണ്. കെ ഫോണിലെ കേബിളുകളുടെ ഇറക്കുമതി സംബന്ധിച്ച് പ്രതിപക്ഷം നേരത്തേ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.


ജൂണ്‍ അഞ്ചിനാണ് കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചത്.കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ വാഗ്ദാനം.



Sharing is Caring