36-വർഷത്തിനുശേഷം കമൽഹാസൻ അഭിനയിച്ച ‘നായകൻ’ വീണ്ടും പ്രദർശനത്തിന്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുക. തമിഴ്നാട്ടിൽ 120-ഉം കേരളത്തിൽ 60-ഉം തിയേറ്ററുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 280 കേന്ദ്രങ്ങളിൽ ‘നായകൻ’ പ്രദർശനത്തിനെത്തും.ശബ്ദവിന്യാസത്തിലും നിറത്തിലും ഒട്ടേറെ പുതുമകൾ നൽകി സിനിമ മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
മണിരത്നം സംവിധാനംചെയ്ത ചിത്രം 1987-ലാണ് പുറത്തിറങ്ങിയത്. മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്. ശരണ്യ, ജനകരാജ്, ഡൽഹി ഗണേഷ്, നാസർ, നിഴൽകൾ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾചിത്രത്തിലൂടെ മികച്ചനടനുള്ള ദേശീയ പുരസ്കാരവും കമൽ നേടി.മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പി.സി. ശ്രീറാമിനും കലാസംവിധായകനുള്ള പുരസ്കാരം തോട്ടാധരണിക്കും ചിത്രം നേടിക്കൊടുത്തു.














