ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തമായ നവതരംഗം ഉണ്ടായിട്ടുണ്ടെന്ന മേധാ പട്കറുടെ അഭിപ്രായം കേരളത്തിലും സത്യമാവുകയാണ്. അഴിമതി മാത്രമല്ല, അക്രമരാഷ്ട്രീയം കൊണ്ടും മനസ്സു മടുത്ത ജനം പുതിയൊരു സംവിധാനത്തിനായി കാത്തിരിക്കവെയാണ് ആം ആദ്മിയുടെ രംഗപ്രവേശം ഉണ്ടായത്. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ ഭരണകൂടത്തിന്റെ നിലപാടിനോട് പൊതുജനം എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ മുതല്‍ ആം ആദ്മിയുടെ വളര്‍ച്ചയെക്കുറിച്ചു രാഷ്ട്രീയലോകം ഉറ്റുനോക്കിയിരുന്നു. കോണ്‍ഗ്രസ്സിനെ തരിശമാക്കിയും ബി.ജെ.പിയെ പ്രതിപക്ഷത്തിരുത്തിയും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം ഏറ്റെടുത്തപ്പോള്‍ ജനം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. പാര്‍ട്ടി ജനത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുതുടങ്ങാന്‍ ഭരണകൂടത്തിന് 24 മണിക്കൂറേ വേണ്ടിവന്നുള്ളൂ. ജീവന്‍ നിലനിര്‍ത്താനാവശ്യമായ വെള്ളത്തിന്റെ വില പോലും കുറയ്ക്കാന്‍ തയ്യാറാവാതിരുന്നവര്‍ക്കു ശക്തമായ മറുപടി നല്‍കിയാണു പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇനി ഡല്‍ഹിയില്‍ വെള്ളത്തിനു നികുതിയില്ല.
ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജ് പകുതിയായി കുറച്ച നടപടി ഇന്ത്യയില്‍ ഒട്ടാടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇത്തരം മാറ്റങ്ങള്‍ക്കു തന്നെയാണു കേരളജനതയും കാത്തിരിക്കുന്നതെന്നാണു പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനുകളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനുകളില്‍ അപേക്ഷ നല്‍കാന്‍ എത്തുന്നവരില്‍ പലരും വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു മനസ്സു മടുത്തവരാണെന്ന് അറിയുന്നു. ഇതിനിടയില്‍ അധികാരസ്ഥാനങ്ങളെ ലക്ഷ്യമിട്ടും ആളുകള്‍ സമീപിക്കുന്നതായി പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ ശ്രീരാജ് ദി ട്രൂത്തിനോടു പറഞ്ഞു. ചില ദിവസങ്ങളില്‍ വരുന്ന ഫോണ്‍കോളുകള്‍ അത്തരത്തിലുള്ളവയാണ്. ”കാമ്പയിന്‍ സ്ഥലത്തേക്കു ഞാന്‍ കുറച്ചാളുകളുമായി വരുന്നുണ്ട്; എനിക്ക് എന്റെ പ്രദേശത്തെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം നല്‍കാന്‍ കഴിയുമോ” എന്നിങ്ങനെയുള്ള ചോദ്യം അവരില്‍ നിന്ന് ഉയരുന്നതായി ശ്രീരാജ് പറഞ്ഞു. എന്നാല്‍ സാധാരണ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായാണ് ആം ആദ്മിയുടെ മെമ്പര്‍ഷിപ്പ് വിതരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മെമ്പര്‍ഷിപ്പ് നല്‍കില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മലപ്പുറവും പാലക്കാടും രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുന്നു. ചില പാര്‍ട്ടികളിലെ വിഭാഗീയതയും മറ്റു ചില പാര്‍ട്ടികളോടുള്ള ജനത്തിന്റെ വിദ്വേഷവും ആം ആദ്മിക്കു ഗുണകരമാവുകയാണ്. ആം ആദ്മി മറ്റു രാഷ്ട്രിയപ്പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും മത്സരിക്കാനാണു സാധ്യത.