റോഡപകടത്തിൽ കണ്ണിൽ മരച്ചില്ല തുളഞ്ഞ് കയറി ഗുരുതരമായി പരുക്കേറ്റ 24 വയസ്സുകാരന്റെ കാഴ്ച അടിയന്തര ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്തു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡിലേക്ക് വീണപ്പോഴാണ് കൊല്ലം സ്വദേശിയായ യുവാവിന്റെ ഇടത് കണ്ണിലേക്ക് മരച്ചില്ല തുളഞ്ഞ് കയറിയത്. 15 സെന്റിമീറ്ററോളം നീളമുണ്ടായിരുന്ന മരച്ചില്ലയുടെ പകുതിയിലധികവും കണ്ണിലെ കൃഷ്ണമണിയുടെ താഴ്ഭാഗത്ത് കൂടി മൂക്കിലേക്ക് തറച്ച് കയറിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയതിനാൽ യുവാവിന്റെ തലയോട്ടിക്കും സാരമായി പരിക്കേറ്റിരുന്നു. രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്ലത്ത് നിന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു.
അപകടം സംഭവിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് രോഗിയെ കിംസ്ഹെൽത്തിലെത്തിക്കുന്നത്. ഈ സമയമത്രെയും കണ്ണിൽ നിന്നും മരച്ചില്ല നീക്കം ചെയ്തിരുന്നില്ല. ഒന്നര മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിൽ കൃഷ്ണമണിക്ക് പരുക്കേൽക്കാത്ത വിധം മുറിവ് വലുതാക്കി പ്രഷർ നൽകിയാണ് മരച്ചില്ല നീക്കം ചെയ്തത്. തുടർന്ന് മൂക്കിന്റെ പാലത്തിനേറ്റ മുറിവ് എൻഡോസ്കോപ്പിക് പ്രൊസീജിയറിലൂടെ ഭേദമാക്കുകയും നേസൽ പാക്കിങ് ചെയ്ത് രക്തസ്രാവം നിയന്ത്രിക്കുകയുമായിരുന്നു. ന്യൂറോസർജ്ജന്മാരുടെയും, ഇ.എൻ.ടി, ഒഫ്താൽമോളജി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ വിഭാഗം ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് രോഗിയുടെ ആരോഗ്യനില വീണ്ടെടുത്തത്. ഇത്തരം സാഹചര്യങ്ങളിൽ കാഴ്ചശേഷി നഷ്ടപെടാനുള്ള സാധ്യത കൂടുതലാണ്. കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നില്ലെങ്കിലും ചുറ്റുമുള്ള രക്തക്കുഴലുകൾക്കും നാഡികൾക്കും സാരമായി പരുക്കേറ്റിരുന്നു. എന്നാൽ സമയോചിതിമായ വിദഗ്ദ്ധ ഇടപെടൽ സാധ്യമായതിനാലാണ് കാഴ്ചശേഷി വീണ്ടെടുത്ത് രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോസർജറി വിഭാഗം കൺസൽട്ടന്റ് ഡോ. അരുൺ പി.എസ് പറഞ്ഞു.

പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം യുവാവ് പൂർണ്ണാരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇ.എൻ.ടി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സലിൽ കുമാർ കെ, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സൂരജ് കുമാർ, ഒഫ്താൽമോളജി വിഭാഗം കൺസൽട്ടൻറ് ഡോ. ഡെയ്സി കരൺ, അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ഗോപൻ ജി, ഡോ. അരുൺ എൻ.എസ് എന്നിവർ ശസ്ത്രക്രിയയുടെ ഭാഗമായി.













