ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എ.കെ.ബാലൻ രം​ഗത്ത്


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ രം​ഗത്ത്. ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖല വഴി നടത്തുന്നത്.


ഇന്ത്യയിലെ നാഷണൽ വിദ്യാഭ്യാസ നയം തന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തിൻ്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാൻ ശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാർ വഴിവിട്ട എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.എസ്.എഫ്.ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ പ്രതികരിച്ചു.


മുൻകൂട്ടി നിശ്ചയിച്ച പോലെ പരിപാടി നടക്കുമെന്നും പ്രതിഷേധക്കാരെ പോലീസ് നോക്കിക്കോളുമെന്നുമാണ് അദ്ദേത്തിന്റെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയാണ് സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ.



Sharing is Caring