കെയര്‍ ഫോര്‍ മുംബൈ ചാരിറ്റി ഷോയിൽ മമ്മൂട്ടി അടക്കം വന്‍ താരനിര പങ്കെടുക്കും


മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയര്‍ ഫോര്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു.


പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള വലിയ താരനിരയുടെ പിന്തുണയോടെയായിരിക്കും ഷണ്മുഖാനന്ദ ഹാളില്‍ താര നിശ അരങ്ങേറുക.റവന്യൂ മന്ത്രി കെ. രാജന്‍, ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും


ഫെബ്രുവരി 12 ഞായറാഴ്ച വൈകീട്ട് 5. മണിക്ക് താരനിശക്കായി തിരിതെളിയും. വാശി കേരളാ ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ കെയര്‍ 4 മുംബൈ ചെയര്‍മാന്‍ കെ ആര്‍ ഗോപി, ജനറല്‍ സെക്രട്ടറി പ്രിയ വര്‍ഗീസ്, പ്രസിഡന്റ് എം കെ നവാസ്, പ്രേംലാല്‍ എന്നിവര്‍ ചാരിറ്റി ഷോയുടെ വിശദാംശങ്ങള്‍ അടങ്ങിയ പത്രിക പുറത്തിറക്കി. കെയര്‍ ഫോര്‍ മുംബൈ അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

കോവിഡ് കാലത്ത് ദുരിതത്തിലായ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഭക്ഷണകിറ്റുകള്‍ എത്തിച്ച്‌ നല്‍കി സംഘടന മാതൃകയായത്. കൂടാതെ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടിലായവര്‍ക്കും കൈത്താങ്ങായിരുന്നു ഈ മലയാളി സന്നദ്ധ സംഘടന.

ഇത് വരെ 11820 കുടുംബങ്ങളില്‍ സഹായങ്ങള്‍ എത്തിച്ച്‌ നല്‍കാന്‍ സംഘടനക്ക് കഴിഞ്ഞതായി കെയര്‍ 4 മുംബൈ സെക്രട്ടറി പ്രിയ വര്‍ഗീസ് പറഞ്ഞു. മഹാരാഷ്ട്ര പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോഴും കൈത്താങ്ങായി കെയര്‍ ഫോര്‍ മുംബൈ മുന്നിലുണ്ടായിരുന്നു.

കൊറോണക്കാലത്ത് 1 കോടി 20 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെയര്‍ 4 മുംബൈ ചെയ്തിട്ടുള്ളത്. സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പിന്തുണ തേടിയാണ് ചാരിറ്റി ഷോ നടത്തുന്നതെന്നും പ്രിയ വ്യക്തമാക്കി. കൈരളി ടിവിയുമായി കൈകോര്‍ത്താണ് താരനിശക്കായി വേദിയൊരുങ്ങുന്നത്.മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും പങ്കെടുക്കുന്ന കലാ പരിപാടികള്‍ കൈരളി ടി വി യുടെ നേതൃത്വത്തിലായിരിക്കും അരങ്ങേറുക.



Sharing is Caring