ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്ക്

കൊല്ലം ചവറയിൽ ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്കേറ്റു. മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി മാജിതയ്ക്കാണ് പരുക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളേജ് മൈതാനത്ത് നടന്ന കായികമേളയിൽ ഉണ്ടായ അപകടം സംഘാടകരുടെ പിഴവെന്നാണ് ആക്ഷേപം.

കഴിഞ്ഞദിവസമാണ് ഹയർസെക്കൻഡറി വിഭാഗം ഹാമർ ത്രോ മത്സരത്തിനിടെ അപകടമുണ്ടായത്. മത്സരത്തിനിടെ മൈതാനത്ത് നിൽക്കുകയായിരുന്നു മാജിത. ഇതിനിടയാണ് ഹാമർ തലയിലേക്ക് പതിച്ചത്. മാജിതയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇവർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത മകനെ വിളിക്കാൻ എത്തിയതായിരുന്നു മാജിത. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെയായിരുന്നു മത്സരം സംഘടിപ്പിച്ചത് എന്നാണ് ആക്ഷേപം. ഇതേ മൈതാനത്ത് തന്നെ ഓട്ട മത്സരം നടത്തിയതും വിവാദമായി.

2019 ൽ സംസ്ഥാന ജൂനിയർ അത്ലറ്റിക്സിനിടെ ഹാമർ പതിച്ച് വിദ്യാർത്ഥി മരിച്ചിരുന്നു. അതോടെ എല്ലാ കായികമേളകളിലും സുരക്ഷാ മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് കർശന നിർദ്ദേശം ഉള്ളതാണ്. എന്നാൽ ഇപ്പോഴും ഈ നിർദ്ദേശങ്ങൾ അവഗണിക്കുകയാണ് എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മാജിത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *