ജപ്തി നോട്ടീസിന് പിന്നാലെ ഉറക്കഗുളിക കഴിച്ച് അവശ നിലയിലായ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുടുംബാംഗങ്ങളിൽ ഒരാളായ തങ്കമണി (69) ആണ് മരിച്ചത്. സഹകരണ ബാങ്കിൽ വായ്പാ കുടിശികയുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
ഇവർക്കൊപ്പം വിഷം കഴിച്ച മരുമകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ആരോഗ്യനില വീണ്ടെടുത്തു. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്.

10 വയസ്സുകാരനായ അതുൽ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയപ്പോഴാണ് മൂന്ന് പേരും ഉറക്കഗുളിക കഴിച്ചത്. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.













