ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആര്‍ജെഡി (രാഷ്ട്രീയ ജനതാദള്‍). ലാലു പ്രസാദിന്റെ പെണ്‍മക്കളും ഉള്‍പ്പെടുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഇതിനിടെ ഗുണ്ടാസംഘം നേതാവ് എന്നു പഴികേട്ട മുന്ന ശുക്ല വൈശാലി മണ്ഡലത്തില്‍ മത്സരിക്കും.
സരണ്‍, പാടലീപുത്ര ലോക്‌സഭാസീറ്റുകളില്‍ നിന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മക്കളായ രോഹിണി ആചാര്യ, മിസാ ഭാരതി എന്നിവര്‍ മത്സരിക്കുന്നത്.സിറ്റിംഗ് ബിജെപി എംപി രാജീവ് പ്രതാപ് റൂഡിക്കെതിരെയാണ് രോഹിണി ആചാര്യ മത്സരിക്കുക.

ആര്‍ജെഡിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പായി തന്നെ റോഡ് ഷോയിലൂടെയാണ് രോഹിണി കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. 2014ല്‍ ആര്‍ജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിതാവിന്റെ മുന്‍ സഹായി രാം കിര്‍പാല്‍ യാദവിനെതിരെയാണ് പാടലീപുത്ര മണ്ഡലത്തില്‍ നിന്ന് മിസാ ഭാരതി മത്സരിക്കുന്നത്.
ഗുണ്ടാനേതാവെന്ന് ആരോപണമുള്ള വിജയ് കുമാര്‍ ശുക്ല എന്ന മുന്ന ശുക്ലയെയാണ് ആര്‍ജെഡി വൈശാലിയില്‍ നിന്ന് മത്സരിപ്പിക്കുന്നത്. വൈശാലിയില്‍ നിന്ന് പാര്‍ട്ടി ചിഹ്നം ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കണ്ടതിന് ശേഷം മുന്ന ശുക്ല അടുത്തിടെ ചില ജാതീയ പരാമര്‍ശങ്ങളുടെ പേരിലും വിവാദത്തിലായിരുന്നു.
മുന്ന ശുക്ല വൈശാലി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 2004ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2009ല്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 1994ല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായിരുന്നു ശുക്ല. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.













