ചെലവ് ചുരുക്കല്‍:കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കും

ചെലവ് കുറയ്ക്കലിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.ബസുകള്‍ക്ക് ഡീസല്‍ ‘അളന്ന്’ നല്‍കാന്‍ നീക്കം . ഓരോ ഷെഡ്യൂളിലും പരമാവധി ഉപയോഗിക്കാന്‍ കഴിയുന്ന ഡീസലിന്റെ അളവ് രേഖപ്പെടുത്താനും വിവിധ തലങ്ങളില്‍ ഇന്ധന ഉപയോഗത്തിന്റെ കണക്ക് ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യും.

ഇന്ധനവിനിയോഗം കൃത്യമായി വിലയിരുത്താനുമാണ് തീരുമാനം.ബസുകള്‍ ഓരോ ട്രിപ്പിലും ഓടുന്ന കിലോമീറ്റര്‍ ഡ്രൈവര്‍മാര്‍ രേഖപ്പെടുത്തണം. ഗാരേജിന്റെ ചുമതലയുള്ളയാള്‍ ദിവസവും ഓരോ ഷെഡ്യൂളിനും ഉപയോഗിക്കേണ്ട ഡീസലിന്റെ അളവ് കണക്കാക്കണം.

ഏതെങ്കിലുമൊരു ബസില്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിക്കേണ്ടിവന്നാല്‍ ഉടന്‍തന്നെ പരിഹാരനടപടികളെടുക്കണം. ഓരോ ബസിന്റെയും ഓരോ ഡിപ്പോയുടെയും ഡീസല്‍ച്ചെലവ് കൃത്യതയോടെ നിരീക്ഷിക്കുകയും ചെലവ് കുറയ്ക്കാത്ത ഡിപ്പോകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ നിശ്ചിതസമയം അനുവദിക്കുകയും ചെയ്യുന്നുണ്ട്.

നടപടികളില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് നീക്കം. ഇന്ധനക്ഷമതയെ ബാധിക്കുന്ന തരത്തില്‍ ബസുകള്‍ക്കുള്ള തകരാറുകള്‍ കണ്ടെത്തിയാല്‍ പെട്ടെന്നുതന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് പുതിയ നിര്‍ദേശം. ക്ലച്ചിന്റെ തകരാറുകള്‍, എയര്‍ ലീക്ക്, ഡീസല്‍ ചോര്‍ച്ച, ബ്രേക്ക് ജാമിങ് തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ബസുകള്‍ ഗാരേജിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തണം.

വേനല്‍ച്ചൂട് ഏറിയതോടെ ഉച്ചസമയങ്ങളില്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. അതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സര്‍വീസുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *