
പത്മിനി തോമസിനൊപ്പം തമ്പാനൂര്‍ സതീഷും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജപിയിലേക്ക് എത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു.തിരുവനന്തപുരം മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസിലെ ചുമതലകളെല്ലാം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

പാര്‍ട്ടി വിടുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്നായിരുന്നു സതീഷ് പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പമാണ് സതീഷ് എത്തിയത്.
അതേസമയം കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണനകള്‍ ലഭിക്കാത്തതാണ് പത്മിനി തോമസ് ബിജെപിയിലേക്ക് പോകുന്നതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പത്മിനി തോമസ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്കെത്തിയത്.
