
വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു (45) നെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അമ്മയും മകളും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ജോലി നടക്കുന്ന സമയത്ത് വയോധികയായ അമ്മയെ റൂമിൽ ഇയാൾ പൂട്ടിയിടുകയായിരുന്നു. സംഭവത്തിന് ശേഷം തൊടുപുഴ ഡിവൈഎസ്പിക്കാണ് ഇവർ പരാതി നൽകിയത്.

ആദ്യഘട്ടത്തിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി ബലാംത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത മനുവിനെ പൊലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ബലാംത്സംഗം നടന്നുവെന്ന കാര്യം വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിങ്കുന്നം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തത്.
