75 വയസ്സുകാരിയുടെ കുടലിൽ അനിയന്ത്രിന്തമായ രക്തസ്രാവം; ഉറവിടം കണ്ടെത്തി ഭേദമാക്കി കിംസ്ഹെൽത്ത്


തിരുവനന്തപുരം: കുടലിൽ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ 75 വയസ്സുകാരിയുടെ രോഗം ഭേദമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തനാവാതെ ഗുരുതരാവസ്ഥയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. എൻഡോസ്‌കോപ്പി, കൊളോനോസ്‌കോപ്പി, ആൻജിയോഗ്രാം, സിടി സ്കാൻ പരിശോധനകൾക്ക് വിധേയമായെങ്കിലും ഉറവിടം കണ്ടെത്താനാവാതെ വന്നതോടെ ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹാരിഷ് കരീമിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്‌കോപ്പിയിലൂടെയാണ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തിയത്.


ചെറുകുടലിൽ അപൂർവമായി കാണുന്ന മെക്കൽസ് ഡൈവർട്ടികുലത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന കൺജനിറ്റൽ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പൊതുവെ കുട്ടികളിൽ മാത്രമാണ് ഇത് കണ്ട് വരുന്നത്, വളരെ അപൂർവമായി മാത്രമാണ് മുതിർന്നവരിൽ ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാവുന്നത്. ലോകത്ത് തന്നെ വളരെ കുറച്ച് കേസുകൾ മാത്രമേ ഇതുപോലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടെന്ന് ഡോ. ഹാരിഷ് കരീം പറഞ്ഞു.


സാധാരണ ഗതിയിൽ ചെറുകുടലിൽ നിന്നുള്ള രക്തസ്രാവം കണ്ടുപിടിക്കുന്നത് പ്രയാസകരമാണ്, എൻഡോസ്കോപ്പിയിലൂടെയും, കൊളനോസ്‌കോപ്പിയിലൂടെയും അന്നനാളം, വയർ, വൻകുടൽ എന്നീ അവയവങ്ങൾ മാത്രമാണ് പരിശോധിക്കാൻ സാധിക്കുക. പലപ്പോഴും ഒരു ഓപ്പൺ ശസ്ത്രക്രിയിലൂടെ എൻഡോസ്കോപ്പ് കടത്തിവിട്ടാണ് ചെറുകുടലിലുള്ള രോഗങ്ങൾ കണ്ടെത്തുന്നത് (ഇൻട്രാ ഓപ്പറേറ്റീവ് എന്ററോസ്കോപ്പി). എന്നാൽ ഈ രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ വളരെ സങ്കീർണമായ എൻഡോസ്കോപ്പി ആവശ്യമായ സാഹചര്യത്തിലാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മോട്ടോറൈസ്ഡ് സ്പൈറൽ എന്ററോസ്‌കോപ്പി ചെയ്തത്. ഈ അതിനൂതന എൻഡോസ്കോപ്പിക് പ്രക്രിയയിലൂടെ ചെറുകുടലിലെ രോഗനിർണ്ണയം എളുപ്പമായെന്നും ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളതെന്നും ഡോ ഹാരിഷ് കരീം വ്യക്തമാക്കി. ഡോ ഹാരിഷിന് പുറമെ, സീനിയർ കൺസട്ടന്റുമാരായ ഡോ. മധു ശശിധരൻ, ഡോ. അജിത് കെ നായർ, അസോസിയേറ്റ് കൺസർട്ടന്റ് ഡോ. അരുൺ പി എന്നിവരും ഈ പ്രക്രിയയുടെ ഭാഗമായി.



Sharing is Caring