ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ വീണ്ടും അന്വേഷണക്കുരുക്ക്. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയില്‍ വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഇക്കുറി ഷെരീഫിനെതിരേ അന്വേഷണ ഉത്തരവിട്ടത്. നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലേക്ക് 4.9 ബില്യണ്‍ ഡോളര്‍ (490 കോടി) ഷെരീഫ് കടത്തിയതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സ് ബുക്ക് 2016 ല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ തുക ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിന് കൈമാറ്റം ചെയ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നുണ്ട്. അതിനുശേഷം ഇന്ത്യന്‍ വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചതായും പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകരാറിലായെന്നും പറയുന്നു.

പനാമ പേപ്പേഴ്സ് കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഷെരീഫ് . നിലവില്‍ നാല് അഴിമതി കേസുകള്‍ കോടതിയില്‍ ഇദ്ദേഹം നേരിടുന്നുണ്ട്. രാഷ്ട്രീയമായും നിയമപരമായും ആരോപണങ്ങള്‍ക്കെതിരേ പോരാടുന്ന ഷെരീഫിനു പുതിയ ആരോപണം തിരിച്ചടിയായേക്കും. കഴിഞ്ഞ ജുലൈയില്‍ പാകിസ്താന് സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു.













