
ജിദ്ദ: ഓപറേഷൻ കാവേരിക്ക് കീഴിൽ സുഡാനിൽ നിന്ന് 423 പേരെ കൂടി ജിദ്ദയിലെത്തിച്ചു. ഐ.എൻ.എസ് കപ്പലിൽ 288 പേരും ഐ.എ.എഫ്.സി130 ജെ വിമാനത്തിൽ 135 പേരും ഞായറാഴ്ച ജിദ്ദയിലെത്തി. ഇതോടെ ഓപറേഷൻ കാവേരിക്ക് കീഴിൽ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 2823 ആയി. 3400 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ബാക്കിയുള്ളവരെയും ഉടൻ ജിദ്ദയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.അതേ സമയം, സുഡാനിൽ നിന്നെത്തിച്ചവരെയുമായി രണ്ട് വിമാനങ്ങൾ കൂടി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
229 പേരുമായി ഒരു വിമാനം ബംഗളൂരുവിലേക്കും 40 ആളുകളുമായി ഐ.എ.എഫ്.സി 30 ജെ എന്ന നേവി വിമാനം ഡൽഹിയിലേക്കുമാണ് പുറപ്പെട്ടത്. എട്ട് ബാച്ചുകളിലായി ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെത്തിച്ചവരുടെ എണ്ണം 2225 ആയി.

