ബീഹാറിലെ ബക്‌സറില്‍ ട്രെയിന്‍ പാളം തെറ്റി 4 പേര്‍ മരിച്ചു. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു.ദില്ലി ആനന്ദ് വിഹാറില്‍ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകള്‍ ആണ് രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്. സംഭവം നടന്നത് ഇന്നലെ 9.35 ഓടെയാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും, ഹെല്‍പ് ലൈന്‍ നമ്ബര്‍ സഹായത്തിനായി ആരംഭിച്ചട്ടുണ്ടെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചട്ടുണ്ട്. പലരും ഇപ്പോള്‍ ആശുപത്രിയിലുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവിടേയ്ക്ക് എത്തിയത്. പരിക്കേറ്റവരെ പട്നയിലെ എയിംസിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്നു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘങ്ങള്‍ സംഭവസ്ഥലത്ത് എത്തിയതായി അറിയിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാൻ ദുരന്തനിവാരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ബക്സര്‍, ഭോജ്പൂര്‍ ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.













