ന്യൂഡെല്‍ഹി:മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.
“മഹാത്മാ ഗാന്ധി മാനവികതയ്ക്കു നല്കിയ മഹത് സംഭാവനയ്ക്ക് ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച ആഗ്രഹം സൃഷ്ടിക്കാനും കഠിനമായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഗാന്ധിജയന്തി ദിനമായ ബുധനാഴ്ച രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കും. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി വി മുരളീധരന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അധ്വാനി തുടങ്ങിയ നിരവധി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

പാര്‍ലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടക്കും. വൈകിട്ട് ആറുമണിക്ക് അഹമ്മദാബാദില്‍ എത്തുന്ന പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 9.30-ന് കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.













