ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച കേസന്വേഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണമാണ് ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്.
സ്‌പെക്ട്രം അഴിമതി, എയര്‍സെല്‍-മാക്‌സിസ് ഇടപാട് തുടങ്ങിയ കേസുകളുടെ നിലവിലെ അവസ്ഥ രണ്ടാഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് അരുണ്‍ മിശ്രയും നവീന്‍ സിന്‍ഹയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

ഇത്തരം കേസുകളില്‍ അന്വേഷണം നീളുകയാണ്. ഇങ്ങനെയുള്ള വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.












