29-കാരനിൽ അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ 29കാരനായ മലപ്പുറം സ്വദേശിയിൽ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരളിന്റെ പ്രവർത്തനം ഏകദേശം പൂർണമായും നിലച്ച രോഗിക്ക് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് രോഗിയുടെ തന്നെ പിതാവ് കരൾ ദാതാവാകുവാൻ മുന്നോട്ട് വന്നെങ്കിലും പരിശോധനയിൽ ഇദ്ദേഹത്തിനും കരൾ രോഗമുണ്ടെന്ന് കണ്ടെത്തി. ഒരേ രക്തഗ്രൂപ്പിലുള്ള മറ്റൊരു ദാതാവിനെ കണ്ടെത്താൻ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പുള്ള (എ ഗ്രൂപ്പ്) രോഗിയുടെ ഭാര്യ തനിക്ക് കരൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുന്നത്. കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റ് വഴികളില്ലാതിരുന്ന മെഡിക്കൽ സംഘം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് നിർണായകമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. യോജ്യമല്ലാത്ത കരൾ സ്വീകരിക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകി, തുടർന്ന് മാറ്റിവയ്ക്കപ്പെട്ട അവയവം സ്വീകരിക്കുന്നതിന് ആന്റിബോഡികൾ നീക്കം ചെയ്യുന്നതിനായി പ്ലാസ്മാഫെറെസിസും രോഗിയിൽ നടത്തി.

ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ. ഷിറാസ് റാത്തർ, ഡോ. ശ്രീജിത്ത് എസ്, ഡോ. വർഗിസ് യെൽദോ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ട്രാൻസ്പ്ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ എന്നിവരുടെ കൂട്ടായപ്രവർത്തനത്തിലൂടെയാണ് 14 മണിക്കൂറിലധികം നീണ്ടുനിന്ന സങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റുകളായ ഡോ. സാഹിൽ എൻ.എസ്, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. മധുസൂദനൻ ഇ.എസ് എന്നിവരും ട്രാൻസ്പ്ലാൻറിന്റെ ഭാഗമായിരുന്നു.

“അവയവമാറ്റത്തിന് ശേഷം, ആദ്യ രണ്ടാഴ്ച രോഗിയുടെ രക്തത്തിലെ ആന്റിബോഡിയും കരളിന്റെ പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിച്ചു. നിരവധി സങ്കീർണ്ണതകൾ നിറഞ്ഞ കേസായിരുന്നത് കൊണ്ട് തന്നെ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്”, ഡോ. ഷബീറലി ടി.യു പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണത്തിന് ശേഷം ആശുപത്രി വിട്ട രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *