ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്. ജെഎല്‍ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ് ലാന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ താരമായ ഡാര്‍സി ഷോര്‍ട്ട് ഞെട്ടിച്ചത്.
148 പന്തില്‍ 257 റണ്‍സ് ആണ് ഷോര്‍ട്ട് നേടിയത്. 15 ഫോറും 23 സിക്‌സും സഹിതമായിരുന്നു ഡാന്‍സി ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സ്. ബൗണ്ടറികളില്‍ നിന്ന് മാത്രം 198 റണ്‍സാണ് ഷോര്‍ട്ട് അടിച്ചു കൂട്ടിയത്.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടം ഷോര്‍ട്ട് സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഷോര്‍ട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 46-ാം ഓവറില്‍ മാത്യൂ കുനിമാന് മുന്നില്‍ ഷോര്‍ട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 264 റണ്‍സെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.
ഷോര്‍ട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ 47 ഓവറില്‍ 387 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.













