കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ്. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്. കുവൈറ്റിൽ നിന്നും പുറപ്പെടുന്ന സമയം പിന്നീട് അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തില്പെട്ടവര് ജോലി ചെയ്തിരുന്ന സ്ഥാപനമായ എൻബിടിസി അറിയിച്ചു. മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈറ്റുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
അതിനിടെ കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈറ്റ് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകിയിരുന്നു. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.













