കുവൈറ്റ് തീപിടിത്തം: ’49 പേരിൽ 45 ഉം ഇന്ത്യക്കാർ, 23 മലയാളികൾ’; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം, ധനസഹായം പ്രഖ്യാപിച്ച് കമ്പനി


കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച 49 പേരിൽ 45 ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ മലയാളികളാണ്. മരിച്ചവരിൽ ഏറെയും പത്തനംതിട്ടയിൽനിന്നുള്ളവരാണ്. മരിച്ചവരുടെ പേര് നോർക്ക പ്രസിദ്ധീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്. ഇതിനായി വ്യോമസേന വിമാനം സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക.


നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഭൂരിഭാ​ഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.


രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിം​ഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യ​ഹ്യയുമായും കൂടികാഴ്ച നടത്തി. മൃതദേഹങ്ങൾ വീണ്ടും നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എല്ലാ സഹായങ്ങളും ഉറപ്പു നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു.



Sharing is Caring