സൈന്യത്തെ താഴ്ത്തിക്കെട്ടുന്ന പരാമര്‍ശം നടത്തിയ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിര മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗവതിന്റെ പ്രസ്താവന ഭരണഘടനയുടെ മര്യാദയ്ക്ക് എതിരാണ്. ഇന്ത്യയുടെ ഭരണഘടനാപരമായ സ്ഥാപനങ്ങളോട് ആര്‍എസ്എസിന് യാതൊരു വിധ ബഹുമാനവും ഇല്ലെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രാജ്യത്ത് മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യത്തെ തന്റെ സംഘടനയ്ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസ് തലവന്‍ പറഞ്ഞത്.‘രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ സമാന്തരമായൊരു സൈനിക സംവിധാനം ഒരുക്കാമെന്ന ആര്‍എസ്എസിന്റെ അജന്‍ഡയാണ് പ്രസ്താവനയിലൂടെ വെളിവാകുന്നത്. മുസ്സോളിനിയുടെ ഇറ്റലിയായും, ഹിറ്റ്‌ലറുടെ ജര്‍മ്മനിയായും ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. നമ്മള്‍ എന്നും ആശങ്കപ്പെട്ടിരുന്ന സമാന്തരമായ സൈനിക സംവിധാനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. വഞ്ചനാത്മകമായ പ്രസ്താവനയാണ് ഭാഗവതിന്റെത്. അതുകൊണ്ടു തന്നെ ഭാഗവത് മാപ്പു പറയണം. സൈന്യത്തെ താഴ്ത്തിക്കെട്ടുന്ന ഭാഗവതിന്റെ പരാമര്‍ശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തിനു പോലും ഒരു സൈനിക വ്യൂഹത്തെ സജ്ജമാക്കാന്‍ ആറെട്ട് മാസമെങ്കിലും വേണ്ടിവരുമെന്നും എന്നാല്‍ ആര്‍എസ്എസിന് മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് സൈന്യമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. രാജ്യാതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍എസ്എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത്, ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍സംസാരിക്കവെയാണ് പറഞ്ഞത്.













