കൊച്ചി: ഇന്തോനേഷ്യയില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. മൂന്നാം റൗണ്ടില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തില്‍ മന്ദാലിക ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി ടീം ഇന്ത്യോനേഷ്യയിലേക്ക് പുറപ്പെട്ടത്. ജപ്പാനില്‍ നടന്ന മൂന്നാം റൗണ്ട് 19 പോയിന്റുമായാണ് ഹോണ്ട ടീം പൂര്‍ത്തിയാക്കിയത്. കാവിന്‍ ക്വിന്റല്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി മൂന്നാം റൗണ്ട് മത്സരത്തില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം.
കടുത്ത പോരാട്ടം നടക്കുന്ന ഏഷ്യന്‍ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ നാലാം റൗണ്ടില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ. നിലവില്‍ ചാമ്പ്യന്‍ഷിപ്പിലെ ഓവറോള്‍ പൊസിഷനില്‍ എട്ടാം സ്ഥാനത്താണ് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുകളാണ് ടീമിനുള്ളത്.

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടിലേക്ക് അടുക്കുമ്പോള്‍, ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം ഈ വെല്ലുവിളിയെ ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. മന്ദാലിക ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് സര്‍ക്യൂട്ട് ഞങ്ങളുടെ റൈഡര്‍മാര്‍ക്ക് പുതുമയുള്ളതും ആവേശകരവുമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ടീമിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യയിലെ ട്രാക്കില്‍ എന്റെ കഴിവുകളും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാനുള്ള അവസരത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും, മത്സരത്തിനായി പൂര്‍ണമായും തയ്യാറാണെന്നും ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിന്റല്‍ പറഞ്ഞു. ഇന്തോനേഷ്യയില്‍ നാലാം റൗണ്ടിന് തയ്യാറെടുക്കുമ്പോള്‍ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്ന് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്‌സിന്‍ പറമ്പന്‍ പറഞ്ഞു.













