2022 ഫിഫ ലോകകപ്പ്:ഖത്തറില്‍ പന്തുരുളാന്‍ ഇനി 13 ദിവസം


ഫിഫ ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി 13 ദിവസം. നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും.


ഡിസംബര്‍ 18നാണ് ഖത്തര്‍ ലോകകപ്പിന്റെ കലാശക്കൊട്ട്. ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്.


നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോല്‍വിയറിയാതെ കുതിക്കുന്ന സൂപ്പര്‍താരം ലയണല്‍ മെസിയുടെ അര്‍ജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകള്‍. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് കാലിടറുന്ന പതിവ് ഖത്തറില്‍ മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍.

നാല് ടീമുകള്‍ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിലെ എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്‍റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്.



Sharing is Caring