സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഓണ്‍ലൈന്‍ പ്രചാരണ ചിലവ് 42 ലക്ഷം രൂപ;കരാര്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്


കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഓണ്‍ലൈന്‍ പ്രചാരണം നടത്തിയ കമ്പനിയ്ക്ക് പ്രതിഫലമായി അനുവദിച്ചത് 42 ലക്ഷം രൂപ.ഗ്ലോബല്‍ ഇന്നൊവേറ്റീവ് ടെക്‌നോളജീസ് കമ്പനിയ്ക്കാണ് വാട്‌സാപ്പ് ഫെയ്ബുക്ക് എന്നിവ വഴി പ്രചാരണം നടത്തിയതിന് വന്‍തുക അനുവദിച്ചത്.


പ്രതിഫലത്തിന്റെ ആദ്യഘട്ടമായി 21 ലക്ഷം രൂപ നല്‍കുകയും ചെയ്തു. കോഴിക്കോട് നടക്കാവിലുളള ഗ്ലോബല്‍ ഇന്നൊവേറ്റീവ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് പ്രചാരണം നടത്തിയത്. കമ്പനിയുടെ വാദം വെബ് ആന്റ് ന്യൂമീഡിയ ഇന്‍ഫൊര്‍മേഷന്‍ ഓഫീസറും അംഗീകരിച്ചിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. വഴിവിട്ട നീക്കത്തിലൂടെയാണ് സ്ഥാപനത്തിന് കരാര്‍ ലഭിച്ചതെന്നും ആക്ഷേപമുണ്ട്.


സിപിഐഎം നേതാവ് പി മോഹനന്റെ മകന്‍ ജൂലിയസ് മിര്‍ഷാദ് ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മറ്റൊരു കമ്പനിയും ഈ കരാറിനു വേണ്ടി ശ്രമിച്ചെങ്കിലും ഏകപക്ഷീയമായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് നല്‍കുകയായിരുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ടെണ്ടര്‍ വിളിച്ചാണോ കരാര്‍ നല്‍കിയതെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.



Sharing is Caring