സുഡാന്‍ സംഘര്‍ഷത്തിൽ ഇന്ത്യക്കാരടക്കം 157 പേര്‍ ജിദ്ദയില്‍

ജിദ്ദ: കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള വിദേശികളെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യക്കാരായ 157 പേരാണ് സൗദി നാവിക സേനയുടെ നേതൃത്വത്തിൽ കപ്പല്‍ മാര്‍ഗം രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനം ഇനിയും തുടരുമെന്ന് സൗദി അറിയിച്ചു.91 സൗദി പൗരൻമാരും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളിൽ നിന്നുള്ള 66 പേരുമാണ് ജിദ്ദയിലെ ചെങ്കടൽ തുറമുഖത്ത് വന്നിറങ്ങിയ ആദ്യസംഘത്തിലുള്ളത്. ഖാര്‍ത്തൂമില്‍ ഇരുവിഭാ​ഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇവരിൽ ഉൾപ്പെടും.

യുഎഇ, കുവൈത്ത്, ഖത്ത‍ർ, ഈജിപ്ത്, പാക്കിസ്ഥാൻ, ബം​ഗ്ലാദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ നയതന്ത്ര ഉദ്യോ​ഗസ്ഥരും ഉൾപ്പെടുന്നു. സൗദിയിലെത്തിയ വിദേശ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൗദി വ്യക്തമാക്കി.

സുഡാനിലെ സൗദി എംബസിയിലെ ജീവനക്കാരെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. ഈ മാസം പതിനഞ്ചിനാണ് സുഡാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാ‍ർത്തൂമിൽ 400 ലേറെ പേരാണ് കൊല്ലപ്പെട്ടത്. 3500ലധികം പേർക്ക് പരുക്കേറ്റു. കലാപം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ വലിയ സിവിലിയൻ രക്ഷാപ്രവർത്തനമാണ് ഇന്ന് നടന്നത്. അതേസമയം അമേരിക്ക, യുകെ, ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോ​ഗസ്ഥരെ സൈനിക വിമാനങ്ങളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സുഡാൻ സൈന്യം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *