15 കോടിയുടെ മയക്കു മരുന്നുമായി സിംബാവിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍


ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി സിംബാവിയന്‍ വനിത ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ബെറ്റി റെയിം എന്ന സിംബാവിയന്‍ വനിതയെ സി.ഐ.എസ്.എഫ് പിടികൂടിയത്. പാര്‍ട്ടി ഡ്രഗ്‌സ്, ഐസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് യുവതിയില്‍ നിന്നും പിടികൂടിയത്.


വന്‍തോതില്‍ മയക്കു മരുന്നുമായി ഒരു വിദേശ വനിത വിമാനത്താവളത്തില്‍ എത്തുമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബെറ്റി പിടിയിലാകുന്നത്. ഗോവ വഴി ഫിലിപ്പിന്‍സിലേക്ക് മയക്കു മരുന്ന് കടത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യം. മൂന്ന് കിലോഗ്രാം മെത്താംഫെറ്റമിനാണ് യുവതിയില്‍ നിന്നും കണ്ടെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് 15 കോടിയിലധികം വിലയുണ്ടെന്ന് എന്‍.സി.ബി അധികൃതര്‍ പറഞ്ഞു.


മാര്‍ച്ച്‌ 20നാണ് താന്‍ ഇന്ത്യയില്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.



Sharing is Caring