13 മേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ യു.എ.ഇ. നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നു


ദുബായ്: പതിമ്മൂന്നുമേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു.പുതിയ നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാനമായ മേഖലകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഇക്കാര്യം ശൈഖ് മുഹമ്മദ് തന്നെയാണ് പിന്നീട് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.പുനരുപയോഗ ഊര്‍ജം, ബഹിരാകാശം, കൃഷി, നിര്‍മാണം, വ്യവസായം തുടങ്ങിയവയാണ് നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം ലഭിക്കുന്ന മേഖലകള്‍. സൗരോര്‍ജപാനലുകളുടെ നിര്‍മാണം, പവര്‍ ട്രാന്‍സ്ഫോര്‍മര്‍, ഹൈബ്രീഡ് പവര്‍ പ്ലാന്‍ുകള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്ക് നൂറുശതമാനം നിക്ഷേപം നടത്താം.ഇ-കൊമേഴ്‌സ് ട്രാന്‍സ്പോര്‍ട്ട്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും. വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും ലളിതമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.
ഹോസ്പിറ്റാലിറ്റി, ഭക്ഷ്യമേഖല, വാര്‍ത്താവിതരണവും വിനിമയവും, ശാസ്ത്രസാങ്കേതികപ്രവര്‍ത്തനങ്ങള്‍, ഗവേഷണത്തിനുള്ള ലബോറട്ടറികള്‍, വിദ്യാഭ്യാസമേഖല, ആരോഗ്യം, വിനോദം തുടങ്ങിയ മേഖലകളിലും വിദേശ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിച്ചിട്ടുണ്ട്. എത്രത്തോളം നിക്ഷേപം ആവാമെന്ന് പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാം. രാജ്യത്തെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.




Sharing is Caring