10 വിക്കറ്റും 500 റണ്‍സും നേടി ലോകകപ്പില്‍ റെക്കോര്‍ഡിട്ട് ഷാകിബ് അല്‍ ഹസന്‍


ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബംഗ്ളദേശ് തോറ്റെങ്കിലും മത്സരത്തില്‍ ലോകകപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ബംഗ്ളദേശ് താരം ഷാകിബ് അല്‍ ഹസന്‍. മത്സരത്തില്‍ 74 പന്തില്‍ നിന്ന് ഷാകിബ് 66 റണ്‍സ് എടുത്തിരുന്നു. ഇതോടെ ഒരു ലോകകപ്പില്‍ 10 വിക്കറ്റും 500 റണ്‍സും നേടിയ ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് ഷാകിബ് അല്‍ ഹസന്‍.മത്സരത്തില്‍ ബൗള്‍ ചെയ്ത ഷാകിബ് 10 ഓവറില്‍ വെറും 41 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. റിഷഭ് പന്തിന്റെ വിക്കറ്റ് ആണ് ഷാക്കിബ് വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഷാകിബ് അല്‍ ഹസന്‍. 542 റണ്‍സാണ് താരം നേടിയത്. 544 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമത്. കൂടാതെ 11 വിക്കറ്റും താരം ഈ ലോകകപ്പില്‍ വീഴ്ത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ ഷാകിബ് അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.2007ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡ് താരം സ്കോട്ട് സ്റ്റൈറിസ് ഒരു ലോകകപ്പില്‍ 10 വിക്കറ്റും 499 റണ്‍സും എടുത്തിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായ ബംഗ്ലാദേശിന്റെ അവസാന മത്സരം വെള്ളിയാഴ്ച പാകിസ്ഥാനെതിരെയാണ്.




Sharing is Caring