കേരളത്തിൽ ഡെങ്കിപ്പനി പടരുന്നതിനിടെ ആശങ്കയായി എച്ച്1എൻ1 രോഗബാധ. മലപ്പുറത്ത് 12 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർ എച്ച്1എൻ1ന് ചികിത്സ തേടിയത്. ഈ വർഷം ജില്ലയിൽ 30 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
കേരളമാകെ പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് കേരളം. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്.
24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്.ജൂലൈ ഒമ്പതിന് മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചു.
ഇതിനിടെ തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കോളറ സ്ഥിരീകരിച്ചു. ഈ മാസം കാസർകോട്ടെ ഒരു കേസെടക്കം നാല് കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ, തൃക്കുന്നപ്പുഴയിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു.