11 കോടി കുടിശ്ശിക അടച്ചില്ലെങ്കില്‍ ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം


പതിനൊന്നു കോടി രൂപയിലധികംവരുന്ന പാട്ടക്കുടിശ്ശിക അടച്ചില്ലെങ്കില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പാട്ടക്കുടിശ്ശികയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കിനല്‍കാമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കും.


ക്ലബ്ബ് ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പിന്റെ നിര്‍ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഇതിനായി ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്താമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദേശവും മുഖ്യമന്ത്രി അംഗീകരിച്ചു.


തിരുവനന്തപുരം നഗരഹൃദയത്തില്‍ കവടിയാര്‍ കൊട്ടാരത്തിന് സമീപമാണ് നാല് ഏക്കര്‍ 27 സെന്റ് വരുന്ന ടെന്നീസ് ക്ലബ്ബ്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ദീര്‍ഘകാലമായി പാട്ടക്കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കുടിശ്ശിക പെരുകി 11.09 കോടി രൂപയിലെത്തി.

ഈ തുകയുടെ 0.2 ശതമാനം ഈടാക്കിയും വിപണിവിലയുടെ അഞ്ചുശതമാനം വാര്‍ഷികനിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടം പുതുക്കിനല്‍കാമെന്ന ഉത്തരവാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇറക്കിയത്. ഓരോ മൂന്നുവര്‍ഷം കൂടുന്തോറും പാട്ടം പുതുക്കണമെന്നും വ്യവസ്ഥചെയ്തിരുന്നു.

പാട്ടക്കുടിശ്ശിക തീര്‍ക്കുംവരെ ക്ലബ്ലിന്റെ കൈവശമുള്ള ഭൂമിയുടെ ഉപയോഗം മാറ്റരുതെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്നുമുള്ള വ്യവസ്ഥയോടെ ഭൂമി പതിച്ചുനല്‍കാനായിരുന്നു തീരുമാനം. കുടിശ്ശിക അടയ്ക്കാതെവന്നതിനാല്‍ ഈ ഉത്തരവ് നടപ്പായില്ല. മുന്‍സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പുനഃപരിശോധിച്ച മന്ത്രിസഭാ ഉപസമിതിയാണ് ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കുടിശ്ശിക മുഴുവന്‍ ഈടാക്കാതെ പാട്ടം പുതുക്കിനല്‍കാനുള്ള തീരുമാനം ധനവകുപ്പിന്റെ അനുമതിയോടെയല്ലെന്നും ഉപസമിതി കണ്ടെത്തിയിരുന്നു.



Sharing is Caring