109 കോടിയുടെ വായ്പാ തട്ടിപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനും


പഞ്ചാബ്: ഓറിയന്റ്ല്‍ ബാങ്കില്‍ നിന്ന് 109 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മരുമകനുമെന്ന് സിബിഐ. ഉത്തര്‍പ്രദേശിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് വായ്പ തട്ടിപ്പ് നടത്തിയത് . മുഖ്യമന്ത്രിയുടെ മകള്‍ ജയ് ഇന്ദര്‍ കൌറിന്‍റെ ഭര്‍ത്താവ് ഗുര്‍പാല്‍ സിങ് കമ്പനിയുടെ ഡെപ്യൂട്ടി മാനേജരാണ്. ഗുര്‍പാല്‍ സിങ് ഉള്‍പ്പെടെ 13 പേരാണ് തട്ടിപ്പിന് പിന്നിലെന്ന് സിബിഐ വ്യക്തമാക്കി.


കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കിയ വ്യക്തിഗത വായ്പ സ്ഥാപനം ദുരുപയോഗം ചെയ്തുവെന്നാണ് ബാങ്കിന്റെ പരാതി. 2011ലാണ് കേസിനാസ്പദമായ സംഭവം. ബാങ്കിന്റെ പരാതിയില്‍ സി.ബി.ഐ കമ്പനിക്കെതിരെ കേസെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദി 11,300 കോടി തട്ടിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് വാര്‍ത്തകളും പുറത്ത് വരുന്നത്. പിന്നീട് ഇത് 20000 കോടി വരുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറയുന്നത്.


ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിംബോഹലി ഷുഗര്‍സിന്റെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. 2015ല്‍ ഇതേ സ്ഥാപനത്തിന് 110 കോടി രൂപ കോര്‍പ്പറേറ്റ് വായ്പ അനുവദിച്ചിരുന്നു. പിന്നീട് 18 മാസങ്ങള്‍ക്ക് ശേഷം ഇത് കിട്ടാകടമായി മാറുകയായിരുന്നു.

ഗാസിയാബാദ് ആസ്ഥാനമാക്കിയാണ് സിംബോഹലി ഷുഗര്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി, ഹപൂര്‍, നോയ്ഡ എന്നിവിടങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെ റെയ്ഡ് നടത്തി. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത്ത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടര്‍മാര്‍ക്കുമെതിര ഓറിയന്റല്‍ ബാങ്ക് സമര്‍പ്പിച്ച പരാതിയില്‍ ഇന്നലെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ എടുത്ത വായ്പകളാണ് കേസിന് ആധാരം.



Sharing is Caring