മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം ഏഴു ചോദ്യങ്ങളുമായി ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് ഐഎഎസിന്റെ കത്ത്


സര്‍ക്കാരിനെ നാണം കെടുത്തിയ ഐഎഎസ് പോരില്‍ തനിക്ക് ചാര്‍ജജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസ്.ഏഴ് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ ചാര്‍ജ് മെമ്മോക്ക് മറുപടി നല്കുമെന്നാണ് കത്തില്‍ പറയുന്നത്. വിശദീകരണം ആവശ്യപ്പെട്ടുള്ള അസാധാരണ കത്ത് മറ്റൊരു വിവാദമായിരിക്കുകയാണ്.


ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല എന്നിരിക്കെ തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്ന് പ്രശാന്ത് ചോദിക്കുന്നു. അതുപോലെ തന്നെ സസ്‌പെന്റ് ചെയ്യുന്നതിന് മുമ്ബോ ചാര്‍ജ് മെമ്മോ നല്‍കുന്നതിന് മുമ്ബോ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?


ചാര്‍ജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാണ് ശേഖരിച്ചത്? ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില്‍ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം.

ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് വാദം. സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ വന്നെന്നും ചോദിക്കുന്നു. കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

ചാര്‍ജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച്‌ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരണം തേടുന്നത് അസാധാരണ നടപടിയായതിനാല്‍ സര്‍ക്കാരിന് പ്രശാന്തിന്റെ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് എന് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.



Sharing is Caring