പുറത്ത് വന്ന ആത്മകഥയിലെ വിവരങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.പുറത്തുവന്ന വിവരങ്ങൾ തികച്ചു അടിസ്ഥാന രഹിതമാണെന്ന് ഇപി പറയുന്നു.
ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ലെന്ന് ഇപി ജയരാജൻ പറയുന്നു. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു.രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ചാണ് ഇപി ജയരാജയന്റെ ആത്മകഥയിലെ പരാമർശങ്ങൾ.

പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആത്മകഥയിൽ പറയുന്നു.സെക്രട്ടറിയേറ്റിൽ അറിയിച്ചശേഷമാണ് സാന്റിയാഗോ മാർട്ടിൻ അടക്കമുള്ളവരിൽ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്.
എന്നാൽ വിഎസ് അച്യുതാനന്ദൻ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്സ് ഇന്ന് പുറത്തിക്കും.













