അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണത്തില്‍ ഒരു പ്രത്യേകതയും കാണുന്നില്ലെന്ന് ടി പി രാമകൃഷ്ണന്‍

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണത്തില്‍ ഒരു പ്രത്യേകതയും സിപിഐഎമ്മും എല്‍ഡിഎഫും കാണുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണം താല്‍കാലികം മാത്രമാണ്. അത് ഫലം ഉളവാക്കാന്‍ പോകുന്നില്ല.

കേരളത്തിന്റെ പഴയ കാല ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെയുള്ള എത്രയോ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്‍വറിന്റെ കാര്യത്തില്‍ ഒരു വേവലാതിയുമില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

സിപിഐഎമ്മിനെതിരെ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകള്‍. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെ. ദേശീയതലത്തിലും സാര്‍വദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം.

അന്‍വര്‍ സിപിഐഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേയല്ല. സിപിഐഎമ്മിന്റെ അണികള്‍ ഭദ്രമാണ്. മുന്‍കാലങ്ങളിലും ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ട്.

അന്‍വര്‍ വിഷയം സിപിഐഎമ്മിന്റെ അകത്തുള്ള വിഷയമല്ല. അന്‍വര്‍ പാര്‍ട്ടി മെമ്പര്‍ അല്ല. അന്‍വര്‍ പുറത്തുനിന്ന് വന്നയാളാണ്. സിപിഐഎമ്മിന് അര്‍ഹതപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ അന്‍വറിനെ നിര്‍ത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനം എടുത്തത്.

അതല്ലാതെ യാതൊരു ബന്ധവും അന്‍വറും സിപിഐഎമ്മും തമ്മിലില്ല. പുതിയ സാഹചര്യത്തില്‍ സിപിഐഎമ്മിന് അന്‍വറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അന്‍വറിന്റെ ഒരു നിലപാടിനും സിപിഐഎമ്മുമായി ബന്ധമില്ല.

വൈരുദ്ധ്യ നിലപാടാണ് അന്‍വര്‍ എടുത്തുകൊണ്ടിരിക്കുന്നത്. സിപിഐഎം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.പത്തുപതിനഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞുപോയ ആളാണ് അന്‍വറിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ഇപ്പോള്‍ പാര്‍ട്ടിക്കാരനായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്‍വറുമായി പാര്‍ട്ടിയല്ല, അന്‍വറാണ് ഇടഞ്ഞത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും പാര്‍ട്ടിക്കെതിരെ പരസ്യമായ അഭിപ്രായം പറയാറില്ല. പാര്‍ട്ടിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അതിരൂക്ഷമായ പ്രതികരണമാണ് അന്‍വര്‍ നടത്തിയത്.

അന്‍വറിനോട് നിശബ്ദമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. തിരിഞ്ഞു കുത്തുകയാണോ എന്ന് കടന്നല്‍ രാജാക്കന്മാരോട് തന്നെ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *