കൊല്‍ക്കത്ത പിജി ഡോക്ടറുടെ കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും


ആർ ജി കാർ ആശുപത്രിയിലെ പിജി ഡോക്ടറുടെ കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് സുപ്രീം കോടതി നിർദേശം നല്‍കിയിരുന്നു.ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടറുടെ അന്തസ് സംരക്ഷിക്കുന്നതിനായി, ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


മുതിർന്ന അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്തയാണ് ഇക്കാര്യം കോടതിയില്‍ സൂചിപ്പിച്ചത്. പിന്നാലെ അത് നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്.


അതേസമയം കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബംഗാളില്‍ നടത്തിയിരുന്ന സമരം പുനരാരംഭിക്കുമെന്ന സൂചന നല്‍കി ജൂനിയർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി.



Sharing is Caring