എഡിജിപി-ആർഎസ്‌എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.കേരളത്തിലെ സിപിഎം നിലപാടിനെ കുറിച്ച് ദേശീയ നേതൃത്വം മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കിയതില്‍ പൊലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു. ആർഎസ്‌എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരനായി. ദുരൂഹത അകറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം.

ഇതില്‍ എന്തോ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റുന്നതല്ല ജനം എല്ലാം കാണുന്നുണ്ട്. അഖിലേന്ത്യ നേതൃത്വം ഉണ്ടെങ്കില്‍ മിണ്ടണം. മുഖ്യമന്ത്രി മൗനം വെടിയണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
എം.ആർ അജിത് കുമാർ ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ആർഎസ്‌എസ് നേതാവിൻ്റെ കാറിലാണ് എഡിജിപി ആർഎസ്‌എസ് നേതാവിനെ കാണാനെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
ദത്താത്രേയ തൃശൂരില്‍ താമസിച്ച പഞ്ചനക്ഷത്രഹോട്ടലില്‍ എഡിജിപി എം.ആർ.അജിത്കുമാർ എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്‌എസിന്റെ സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എഡിജിപി സന്ദർശിച്ചതെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്കില്‍ എവിടെയെല്ലാം പോയെന്നു രേഖപ്പെടുത്തും. അതൊഴിവാക്കാൻ ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. പകരം വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എഡിജിപി പോയത്.
സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയതെങ്കില്‍ തുടർനടപടിയുമുണ്ടാകില്ല.
തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് പി.വി.അൻവർ എംഎല്‍എ ആരോപിച്ചിരുന്നു. എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്‌എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം.
പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആർഎസ്‌എസ് ക്യാംപില്‍ വച്ച് അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തല്‍. അജിത്കുമാർ ഔദ്യോഗിക വാഹനം നിർത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെ സതീശൻ പുറത്തുവിട്ടിരുന്നു.













