100 കോടിയുടെ ജിഎസ‌്ടി തട്ടിപ്പ‌്: മുഖ്യപ്രതി പെരുമ്പാവൂരിൽ പിടിയിൽ


വ്യാജബില്ലുണ്ടാക്കി നൂറുകോടിയിലധികം രൂപയുടെ ജിഎസ‌്ടി തട്ടിപ്പു നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പെരുമ്പവൂർ വല്ലം ചൂണ്ടി കുപ്പിയാൻ കെ യു നിഷാദിനെയാണ‌് പൊലീസിന്റെ സഹായത്തോടെ ജിഎസ‌്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത‌്‌.


പെരുമ്പാവൂർ കേന്ദ്രീകരിച്ച‌് പ്ലൈവുഡ‌് കച്ചവടം നടത്തുന്ന നിഷാദ‌് വ്യാജബില്ലുകൾ ഉണ്ടാക്കിയാണ‌് തട്ടിപ്പു നടത്തിയത‌്. എട്ട‌് പ്ലൈവുഡ‌് കമ്പനികളുടെ പേരിൽ പ്ലൈവുഡും മറ്റ‌് അസംസ‌്കൃതവസ‌്തുക്കളും കയറ്റിയയക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ‌്. പെരുമ്പാവൂരിലെ ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 35 ലക്ഷം രൂപയും നിരവധി ബാങ്ക‌് അക്കൗണ്ട‌്‌രേഖകളും കണ്ടെത്തിയിരുന്നു.
രണ്ടാഴ്ചയായി ഇയാൾ ഉദ്യോഗസ്ഥരെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു. ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന നിഷാദ് വീട്ടിലെത്തിയതറിഞ്ഞ് പൊലീസ്‌സംഘം വീട് വളഞ്ഞു. ഈ സമയം മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച നിഷാദിനെ പിന്തുടർന്ന‌ു പിടികൂടുകയായിരുന്നു.


ഓടുന്നതിനിടെ, കാനയിൽവീണ ഇയാൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയ‌്ക്കുശേഷമാണ‌് എറണാകുളത്തെത്തിച്ചത‌്.



Sharing is Caring