ഓവലിലെ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ ബാറ്റിങ് നിര പാക് ബൗളിങിനെ അതിജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ മൈലുകള്‍ക്കപ്പുറത്തെ ഹോക്കി മൈതാനത്ത് ഇന്ത്യന്‍ ടീം പാകിസ്താനെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക് പാകിസ്തനെ നിലംപരിശാക്കി ഇന്ത്യ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ പോരാട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി.
തല്‍വീന്ദര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, അക്ഷദീപ് സിങ് എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇന്ത്യന്‍ വിജയം. മൂന്ന് തുടര്‍ വിജയത്തോടെ പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഇന്ത്യ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
കളിയുടെ തുടക്കത്തില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു നായകന്റെ ഗോള്‍ പിറന്നത്. 21ാം മിനുട്ടില്‍ തല്‍വീന്ദറിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. 24ാം മിനുട്ടില്‍ തല്‍വീന്ദര്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഫീല്‍ഡ് ഗോളിലൂടെ കണ്ടെത്തി. കളിയുടെ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് വീണ്ടും പെനാല്‍റ്റി കോര്‍ണര്‍. കിക്കെടുത്ത ഹര്‍മന്‍പ്രീത് സിങ് ലീഡ് നാലാക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ തുടരെ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ പാകിസ്താന് അനുകൂലമായി ലഭിച്ചെങ്കിലും ബാറിന് കീഴില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വികാസ് ദഹിയ രക്ഷകനായി. പിന്നാലെ അക്ഷദീപിലൂടെ ഇന്ത്യ സ്‌കോര്‍ അഞ്ചാക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ ഇന്ത്യയുടെ ആറാം ഗോള്‍ പ്രദീപിലൂടെ. 57ാം മിനുട്ടില്‍ പാകിസ്താന്‍ ഒരു ഗോള്‍ മടക്കി. 59ാം മിനുട്ടില്‍ അക്ഷദീപിന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യ ഗോള്‍ നേട്ടം ഏഴിലെത്തിച്ച് ഉജ്ജ്വല വിജയം ഉറപ്പാക്കി.
നേരത്തെ ഇന്ത്യ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ 4-1നും രണ്ടാം മത്സരത്തില്‍ കാനഡയെ 3-0ത്തിനും പരാജയപ്പെടുത്തിയിരുന്നു. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കരുത്തരായ ഹോളണ്ടുമായി ഏറ്റുമുട്ടും.













