ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാരിന്റെ മറുപടി. എസ്ഐടിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഹർജിയിൽ ഹൈക്കോടതി താര സംഘടനയായ എഎംഎംഎയെ കക്ഷി ചേർത്തു. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിർദ്ദേശം. സജിമോന്‍ പാറയിലിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി, നാലരക്കൊല്ലമായി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് വാദം കേൾക്കുന്നതിനിടെ സർക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദമായിരുന്നത്? ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാറ്റിവയ്ക്കൂ, ക്രിമിനല്‍ വിഷയത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാൻ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം. രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്‌നമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല. ഭരണ സംവിധാനം അടിയന്തിരമായി പ്രതികരിക്കേണ്ടതാണ്. കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്യാ വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.













