ഹൂതികൾക്ക് നേരെയുള്ള യു.എസ്ന്റെ വ്യോമാക്രമണത്തില്‍ യമനില്‍ നാലുപേർ കൊല്ലപ്പെട്ടു


ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ യമനില്‍ നാലുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സൻആയില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം.വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച്‌ 16 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


അതേസമയം, മരണം ഇതിലും ഏറെയാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയിലെ രണ്ടുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും ഒമ്ബത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹൂതികളുടെ അല്‍ മസീറ ചാനല്‍ പുറത്തുവിട്ടു.


70 പേർ കൂടിയിരിക്കുന്ന സ്ഥലത്ത് ബോംബിടുന്നതിന്റെയും സ്ഫോടനശേഷം വൻ ഗർത്തം രൂപപ്പെട്ടതിന്റെയും ദൃശ്യങ്ങള്‍ ട്രംപ് ശനിയാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് പരിശീലനം നേടാൻ കൂടിയിരുന്ന ഹൂതികളുടെ മേലാണ് ബോംബിട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഇദുല്‍ ഫിത്ർ ആഘോഷത്തിന്റെ ഭാഗമായി ഹുദൈദ ഗവർണറേറ്റില്‍ കൂടിയിരുന്നവരെയാണ് യു.എസ് ആക്രമിച്ചതെന്ന് ഹൂതി നിയന്ത്രിത സബ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തില്‍ ഹൂതി പോരാളികളും നേതാക്കളും ഇറാന്റെ അർധസൈനിക വിഭാഗത്തിലെ വിദഗ്ധരുമാണ് കൊല്ലപ്പെട്ടതെന്ന് യമനിലെ പുറത്താക്കപ്പെട്ട സർക്കാറില്‍ വാർത്തവിനിമയ മന്ത്രിയായിരുന്ന മുഅമ്മറുല്‍ ഇർയാനി പറഞ്ഞു.

ചെങ്കടലില്‍ സഞ്ചരിക്കുന്ന ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്ന ഹൂതികള്‍ക്കെതിരെ യു.എസ് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 69 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നേതാക്കളും സൈനികരും കൊല്ലപ്പെട്ടെന്ന കാര്യം ഇതുവരെ ഹൂതികള്‍ സമ്മതിച്ചിട്ടില്ല.



Sharing is Caring