ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ജയറാം ഥാക്കൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ബിജെപി അധ്യക്ഷന്‍ അമിത് ഷാ മറ്റ് കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന.
ഗവര്‍ണര്‍ ആചാര്യ ദേവ്രത് ഥാക്കൂറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് ജയറാം ഥാക്കൂറിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയത്. 48 സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് 20 സീറ്റില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു.

ആയിരങ്ങള്‍ പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ശക്തി പ്രകടനമാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ ബിജെപി പദ്ധതിയിടുന്നത്. ഹിമാചലിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി എത്തുന്നത്. വലിയ ഒരുക്കങ്ങളാണ് സംസ്ഥാന നേതാക്കള്‍ നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് വേദിക്ക് പുറത്ത് എട്ട് എല്‍ഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്












