ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കളുടെ തീരുമാനം. ഡൽഹി ചലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന നാളെ മുതൽ ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം. ഹരിയാനയിലും ഡൽഹിയിലും ശനിയാഴ്ചയും പഞ്ചാബിൽ ജൂൺ ഒന്നിനും ആണ് വോട്ടെടുപ്പ്.
വോട്ടെടുപ്പ് അടുത്തതോടെയാണ് നാളെ മുതൽ സമരരീതി മാറ്റാൻ കർഷകർ തീരുമാനിച്ചത്. ഉപരോധ സമരം പഞ്ചാബിലെയും ഹരിയാനയിലെ ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്കാണ് മാറ്റുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമ്പോൾ ചോദ്യങ്ങളുമായി കൂട്ടത്തോടെ പ്രചാരണ വേദിയിലേക്കെത്താനും സമരക്കാര്‍ നീക്കം നടത്തുന്നുണ്ട്.

ബിജെപി നേതാക്കളെ തോൽപിക്കാൻ ആഹ്വാനം ചെയ്തും, നേതാക്കളുടെ പ്രചാരണം തടഞ്ഞും ആണ്തി രഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ പ്രക്ഷോഭം സജീവമാക്കിയത്. ദേശീയ പാതകളിൽ ട്രാക്ടറുകൾ നിരത്തി ഗതാഗതം തടഞ്ഞും, തീവണ്ടി തടഞ്ഞും സമരം മുന്നേറുന്നുണ്ടായിരുന്നു.













