സൗദി അറേബ്യയില്‍ നഴ്​സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍


റിയാദ്​ : സൗദി അറേബ്യയില്‍ നിരവധി നഴ്​സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. 2005ന് മുമ്ബ്​ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ്​ നഴ്​സുമാരെ ആശങ്കയിലാഴ്​ത്തുന്നത്​. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്​സിങ്​ എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്​ മാത്രമേ ഇനി വര്‍ക്ക്​ പെര്‍മിറ്റ്​ ലഭിക്കൂ​ എന്നാണ്​ വിവരം. ജനറല്‍ നഴ്​സിങ്​ ആന്‍ഡ്​ മിഡ്​വൈഫറി കോഴ്​സ്​ പാസായ ശേഷം സൗദി​യിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക്​ പെര്‍മിറ്റ്​ പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.


ഇന്ത്യയിലെ അതാത്​ സംസ്ഥാന നഴ്​സിങ്​ ആന്‍ഡ്​ മിഡ്​വൈവ്​സ്​ കൗണ്‍സിലില്‍ നിന്ന്​ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ്​ റിക്രൂട്ടിങ്​ സമയത്ത്​ ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്​. അതിന്​ അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ്​​ ഇൗ കാലം വരെയും ജോലി ചെയ്​തുവന്നതും. എന്നാലിപ്പോള്‍ ഇൗ നിയമത്തില്‍​ മാറ്റം വരുത്തി എന്നാണ്​ നഴ്​സുമാര്‍ക്ക്​ ലഭിക്കുന്ന വിവരം​. ഡിപ്ലോമ ഇല്ലാത്തവരുടേത്​​ പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്​ടപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങേണ്ടി വരും. ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്​നപരിഹാരത്തിന്​ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്​സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക്​ പരാതി നല്‍കിയിട്ടുണ്ട്​. രൂക്ഷമായേക്കാവുന്ന ഇൗ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്​ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്​. ജിദ്ദ നവോദയ ഇൗ വിഷയം കേരള നഴ്​സിങ്​ അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി​. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്​മാന്‍ ശൈഖിന്​ നിവേദനം നല്‍കുകയും ചെയ്​തു.


വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്​ നഴ്​സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന്​ രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ്​ നല്‍കാന്‍ നഴ്​സിങ്​ കൗണ്‍സിലിനോട്​ ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. 2005ന്​ ശേഷം ജനറല്‍ നഴ്​സിങ്​ കോഴ്​സ്​ പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്​. അതിന്​ മുമ്ബുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡി​പ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്​സിങ്​ ബിരുദമുള്ളവരാണ്​. അതുകൊണ്ട്​ തന്നെ നിയമത്തിലെ ഇൗ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്​സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന്​ കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്​സുമാര്‍ക്കും ഇത്​ പ്രതികൂലമാണ്​.



Sharing is Caring