സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരേയും സ്വപ്ന സുരേഷിനേയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. സ്വപ്നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ ഫ്ളാറ്റിൽ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. ശേഷം സ്വർണക്കടത്ത് കേസിലെ പ്രതികൾ ഒത്തുചേർന്നിരുന്ന വിവിധ സ്ഥലങ്ങളിൽ അന്വേഷണസംഘമെത്തി.
ഹെദർ ഫ്ലാറ്റ്, കേശവദാസപുരത്തുള്ള റോയൽ ഫർണിച്ചർ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

വെള്ളയമ്പലം ആൽത്തറയ്ക്ക് സമീപം ക്ഷേത്രത്തിന് പിന്നിലെ വീട്, മരുതംകുഴിയിലെ വീട്, ഹെദർ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.













