സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും;പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്‍കി. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ, ലാപ്ടോപ് ഇവ പരിശോധിച്ച റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്ന സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. സ്വപ്നക്ക് ആൻജിയോഗ്രാം പരിശോധനയും റമീസിന് എന്‍ഡോസ്കോപിയുമാണ് നടത്തുക. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയിൽ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു.

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ‍് ഇരുവർക്കും വിദഗ്ധ പരിശോധനകൾ നടത്താൻ തീരുമാനിച്ചിരുന്നു . സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിൽ തടസമുണ്ടോയെന്ന് പരിശോധിക്കാൻ ആൻജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എൻഡോസ്കോപിയ്ക്കു വിധേയമാക്കും. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയിൽ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇന്നത്തെ ആൻജിയോഗ്രാമിന് ശേഷം തുടർ റിപ്പോർട്ട് കൊടുക്കും.

റമീസിനെ സെൻട്രൽ ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതിസുരക്ഷാ ജയിൽ സൂപ്രണ്ട് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ സ്വപ്ന സുരേഷിനെ പരിചരിച്ച നഴ്സുമാരുടെ ഫോൺ വിളികളിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സ്വപ്ന ആശുപത്രിയിൽ നിന്നും നഴ്സുമാരുടെ ഫോണിൽ ഉന്നതരുമായി ബന്ധപ്പെട്ടു എന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. എന്നാൽ സ്വപ്ന സുരേഷ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് കാവൽ ഉണ്ടായിരുന്നെന്നുമാണ് നഴ്സ്മാരുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *