സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തോന്നിയപോലെ പണം വാങ്ങി പ്രവേശനം നല്‍കുന്നു; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി


ന്യുഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും വിമര്‍ശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പണം വാങ്ങിയ തോന്നിയപടി പ്രവേശനം നടത്തുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പത്ത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശദമായ വാദം കേള്‍ക്കും.


മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയ പ്രവേശന കമ്മീഷന്‍ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് മുദ്രവച്ച കവറില്‍ ആരോഗ്യ സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവരില്‍ അഞ്ചു പേര്‍ ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടുവെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ വീണ്ടും എഴുതി വിജയിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഈ ഘട്ടത്തിലാണ് കേസ് വിശദമായ വാദത്തിനായി കോടതി മാറ്റിയത്.


കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും കോടതി ശക്തമായ നിലപാട് എടുക്കുന്നത്.



Sharing is Caring